പ്രോജസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഗര്‍ഭകാലത്ത് മൂത്രാശയ വ്യൂഹം അല്‍പം വികസിക്കാറുണ്ട്. ഇതുമൂലം മൂത്രവാഹിനിക്കുഴലിന്റെ പ്രവര്‍ത്തനക്ഷമത അല്‍പം കുറയുന്നു. ഇത് മൂത്രത്തില്‍ അണുബാധ ഉണ്ടാകാന്‍ വഴിയൊരുക്കുന്നു. അണുബാധ മൂത്രനാളിയില്‍ നിന്നു മൂത്ര സഞ്ചയിലേക്കും വൃക്കയിലേക്കും പകരാം. ഗുരുതരമായാല്‍ വൃക്കസ്‌തഭനം വരെ ഉണ്ടാകും. പ്രസവ ശേഷം ആറാഴ്‌ച കഴിഞ്ഞാല്‍ പ്രൊജസ്റ്ററോണ്‍ ലെവല്‍ സാധാരണ നിലയിലാകുമ്പോഴേ മൂത്രാശയ വ്യൂഹം പഴയ പടിയാവൂ.
മൂത്രത്തില്‍ അണുബാധ പിടിപെട്ടാല്‍ ഗര്‍ഭമലസാന്‍ സാധ്യതയുണ്ട്. കുഞ്ഞിന്റെ വളര്‍ച്ച കുറയാനും ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിന്റെ മരണത്തിനും ഇതു കാരണമായേക്കും. ഗര്‍ഭിണിയുടെ രക്തസമ്മര്‍ദ്ദം കൂടി പ്രീ എക്‌സാംസിയ എന്ന രോഗാവസ്ഥയുണ്ടാകാം. ഇതു ചികിത്സയിലൂടെ നിയന്ത്രിച്ചില്ലെങ്കില്‍ രോഗം എക്‌സാംസിയ ആയി മാറാനും സന്നി അഥവാ ഫിറ്റ്‌സ് വരാനും ഇടയുണ്ട്. വിവാഹത്തിന്റെ ആദ്യത്തെ നാളുകളില്‍ മൂത്രത്തില്‍ അണുബാധ പിടിപെടാന്‍ സാധ്യത കൂടുതലാണ്. ഹണിമൂണ്‍ സിസ്റ്റെറ്റിസ് എന്നാണ് ഈ അവസ്ഥയുടെ പേര്. ഈ സമയത്ത് ഗര്‍ഭിണിയാണെങ്കില്‍ ഗര്‍ഭമലസിപ്പോകാന്‍ സാധ്യതയുണ്ട്. ചില മുന്‍കരുതലുകളിലൂടെ അണുബാധ നിയന്ത്രിക്കാന്‍ കഴിയും.
ദിവസവും കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. അടിവസ്‌ത്രങ്ങള്‍ ശുചിത്വത്തോടെ സൂക്ഷിക്കണം. കുറച്ചു നേരം മൂത്രം ധരിച്ച ശേഷം സൂക്ഷിക്കണം. കുറച്ചു നേരം മാത്രം ധരിച്ച ശേഷം ഊരിയിട്ട അടിവസ്‌ത്രങ്ങള്‍ വീണ്ടും ധരിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഒഴിവാക്കണം. ഓരോ തവണയും മൂത്രമൊഴിച്ച ശേഷം യോനീഭാഗം കഴുകുക. ആര്‍ത്തവ നാളുകളില്‍ ശുചിത്വ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദിവസം മുഴുവനും ഒരേ സാനിട്ടറി പാഡ് ഉപയോഗിക്കരുത്. രണ്ടോ മൂന്നോ തവണയെങ്കിലും പാഡ് മാറണം.
മലവിസര്‍ജനത്തിനുശേഷം മൂത്രദ്വാരത്തില്‍ കൈ തൊടാന്‍ ഇടയാകാത്ത വിധം പിന്നിലേക്ക് കഴുകുക. പിന്നീട് കൈകള്‍ സോപ്പിട്ടു കഴുകണം. സാനിട്ടറി പാഡിനു പകരം തുണിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ വൃത്തിയായ കഴുകി വെയിലത്തുണക്കി ഇസ്‌തിരിയിട്ട ശേഷം മാത്രം ഉപയോഗിക്കുക. പ്രസവ ശേഷം വയറു ചാടുമെന്നു പേടിച്ച് വെള്ളം കുടിക്കാതിരിക്കരുത്. വയറിന്റെ വലിപ്പവും വെള്ളം കുടിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. വെള്ളം കുടിക്കാതിരുന്നാല്‍ മൂത്രത്തില്‍ അണുബാധക്കു സാധ്യതയുണ്ട്. ഭാര്യയും ഭര്‍ത്താവും ലൈംഗിക ശുചിത്വം പാലിക്കണം. ലൈംഗിക ബന്ധത്തിനു മുമ്പും ശേഷവും ലൈംഗികാവയവങ്ങള്‍ കഴുകുക. ചര്‍മം പുറകോട്ടു മാറ്റി ലിംഗാഗ്രം വൃത്തിയാക്കാന്‍ പുരുഷന്‍മാര്‍ മറക്കരുത്.
ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള മരുന്നായിരിക്കും ഡോക്‌ടര്‍ ആദ്യം നിര്‍ദേശിക്കുക. മൂത്രത്തില്‍ അണുബാധ ഗൗരവമായി തന്നെ കാണണം. ഏതു തരം അണുവാണ് ബാധിച്ചെതെന്നറിയാന്‍ മൂത്രം കള്‍ച്ചര്‍ ചെയ്‌ത് ഫലം വരണം. അതിനനുസരിച്ചുള്ള മരുന്നുകള്‍ പിന്നീട് നിര്‍ദേശിക്കുന്നു. രോഗം കുറഞ്ഞതായി അനുഭവപ്പെട്ടാലും മൂത്രപരിശോധനയും ഡോക്‌ടര്‍ പറഞ്ഞ ദിവസം വീണ്ടും ആശുപത്രിയില്‍ വരികയും വേണം. രോഗം പൂര്‍ണമായി മാറി എന്ന് ഡോക്‌ടര്‍ ഉറപ്പു വരുത്തിയാലേ ചികിത്സ നിര്‍ത്താവൂ.
പൈല്‍സ് അഥവാ അര്‍ശസ് വളരെ സാധാരണയായി കാണുന്ന രോഗമാണ്. സ്‌ത്രീകളില്‍ ഗര്‍ഭാവസ്ഥയിലാണ് പൈല്‍സ് രോഗം കൂടുതലായി കാണുന്നത്. പ്രസവം കഴിയുമ്പോള്‍ കുറയാറുണ്ട്. എങ്കിലും ചിലരില്‍ ഇതു പൂര്‍ണമായി മാറില്ല. കുടലില്‍ മലദ്വാരത്തിനുമുകള്‍ ഭാഗത്തുള്ള രക്തക്കുഴലുകള്‍ ഉരുണ്ടുകൂടി ഉണ്ടാകുന്നതാണു അര്‍ശസ്.
അര്‍ശസ് പൊട്ടി ചിലപ്പോള്‍ രക്തസ്രാവം ഉണ്ടാകാറുണ്ട്. ചിലരില്‍ പഴുപ്പും ഉണ്ടാകാം. പൈല്‍സിന് നിരവധി ചികിത്സകള്‍ നിലവിലുണ്ട്. ശസ്‌ത്രക്രിയകളും ഉണ്ട്. ഓപ്പറേഷനിലൂടെ രോഗം പൂര്‍ണമായും മാറുന്നു. ചിലരില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും ഇതുണ്ടാകാറുണ്ടെങ്കിലും ഗൗരവമാകാറില്ല. ശസ്‌ത്രക്രിയക്കു ശേഷം രണ്ടോ മൂന്നോ ആഴ്‌ച കഴിഞ്ഞു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം.