ചാനല്‍ക്കോടതി വിധികളുടെ പ്രത്യാഘാതങ്ങള്‍

ഇത്‌ പറയാമോ എന്നെനിക്കറിയില്ല. പക്ഷേ പറയാതിരിക്കാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഈ കുറിപ്പ്‌. ഒരു സാദാ വീട്ടമ്മയുടെ ചെറിയ ബുദ്ധിയിലെ വലിയ കാര്യമാണെന്ന്‌ എനിക്ക്‌ തോന്നുമ്പോള്‍ എല്ലാവര്‍ക്കും അങ്ങനെയാകില്ലെന്നറിയാവുന്നത്‌ കൊണ്ടാണ്‌ ആമുഖമായി ഈ ആശങ്ക പ്രകടിപ്പിച്ചത്‌.
സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍, കൊട്ടിയം, അടിമാലി, മൂവാറ്റുപുഴ, പറവൂര്‍... ഇവയെല്ലാം കേരളത്തിന്റെ വ്യത്യസ്‌ത ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണെങ്കിലും നമ്മെ എല്ലായ്‌പ്പോഴും അലോസരപ്പെടുത്തികൊണ്ടേയിരിക്കുന
്നു ഈ സ്ഥലനാമങ്ങള്‍. പ്രത്യേകിച്ചും പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കും സഹോദരിയെ സ്‌നേഹിക്കുന്ന സഹോദരങ്ങള്‍ക്കും ഒരു ഭീതിയാണ്‌ ഈ പേരുയര്‍ത്തുന്ന ഓര്‍മകള്‍. എന്നിട്ടും അത്തരം സംഭവങ്ങളുടെ പെരുമഴകള്‍ വന്നുകൊണ്ടേയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ നടന്ന കഥകളുടെ ക്ലൈമാക്‌സുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാഘോഷിച്ച്‌ കൊണ്ടേയിരിക്കുന്നു മാധ്യമങ്ങള്‍. ഇതില്‍ പെട്ട ഇരകള്‍ക്കോ ആരോപണവിധേയര്‍ക്കോ ഈ വാര്‍ത്ത വന്നാല്‍ എന്ത്‌ സംഭവിക്കുമെന്ന്‌ ആലോചിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കില്ലല്ലോ. ഇവര്‍ക്കും കുടുംബവും വീടും പൊതുസമൂഹത്തിലെ ജീവിതവും ഉണ്ടെന്ന വസ്‌തുത മാധ്യങ്ങള്‍ മറക്കുന്നു. `ആരോപണവിധേയര്‍' ഇപ്പോള്‍ ആരോപണ വിധേയര്‍ മാത്രമാണ്‌ എന്ന കാര്യം മാധ്യമങ്ങള്‍ മറക്കുന്നു. അവര്‍ വിധി പ്രസ്‌താവിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്നു. ആഘോഷം അതിരുവിടുമ്പോള്‍ ആര്‍ക്കും എന്തും സംഭവിക്കാം. ബെല്ലില്ല, ബയ്‌ക്കില്ല, കുത്ത്യാ കേസില്ല എന്ന്‌ പറഞ്ഞപോലെ.
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ പത്രം തുറക്കാന്‍ പേടിയാകുന്നു. ചാനലുകള്‍ മാറ്റാന്‍ ഭീതി തോന്നുന്നു. കുട്ടികളുടെ മുന്നില്‍ വെച്ച്‌ പ്രത്യേകിച്ചും. നേരത്തെ പത്രം വായിക്കാനും വാര്‍ത്തക്കായി ന്യൂസ്‌ ചാനലുകള്‍ തുറക്കാനും പറഞ്ഞിരുന്ന കുട്ടികളോട്‌ അത്‌ തുറന്ന്‌ നോക്കരുതെന്ന്‌ പറയാനാണ്‌ തോന്നുന്നത്‌. അത്രക്ക്‌ ഭീകരമായിരിക്കുന്നു ഇത്തരം വാര്‍ത്തകളുടെ ആഘോഷങ്ങള്‍.
1996 ഫെബ്രുവരിയിലായിരുന്നു സൂര്യനെല്ലി എന്ന ആ മലയോര ഗ്രാമം (കു)പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങിയത്‌. അതുവരെ നമുക്കും സുപരിചിതമായിരുന്നില്ല പെണ്‍വാണിഭമെന്ന വാചകം. ഒറ്റപ്പെട്ട സംഭവങ്ങളിലാകട്ടെ ഇത്രയും കലാകാരന്‍മാര്‍ ഒന്നിച്ച്‌ അണിനിരന്നിട്ടുമുണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടിക്ക്‌ കൂടുതലൊന്നുമറിയില്ലായിരുന്നു ഈ ലോകത്തെക്കുറിച്ച്‌. എന്നാല്‍ അതില്‍ പിന്നെ അവള്‍ അറിഞ്ഞു. അനുഭവിച്ചു. ഇപ്പോഴും ഉമിത്തീയില്‍ എരിഞ്ഞുകൊണ്ടേയിരിക്കുകയാണ്‌. കേസില്‍ 215 സാക്ഷികളായിരുന്നു. അതില്‍ 97 പേരെ വിസ്‌തരിച്ചു. 2004 നവംബര്‍ 15നാണ്‌ വിചാരണ തുടങ്ങിയത്‌. നീതിന്യായ വ്യവസ്ഥയിലെ ചരിത്ര സംഭവമെന്നാണ്‌ സൂര്യനെല്ലി കേസിലെ കോടതി വിധിയെ വിശേഷിപ്പിച്ചത്‌. സംഭവത്തില്‍ 35 പേര്‍ക്ക്‌ കഠിനതടവും പിഴയും ലഭിച്ചു. ഇരയായ പെണ്‍കുട്ടിക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കി. നഷ്‌ടപരിഹാരം അനുവദിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികളേയും കുറ്റാരോപിതരേയും ജനം മറന്നു. ചിലര്‍ ശിക്ഷിക്കപ്പെട്ടു. ചിലര്‍ ഉന്നത സ്ഥാനങ്ങളിലേക്കുയര്‍ത്തപ്പെട്ടു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ സ്ഥിതിയോ? അവളുടെ കുടുംബത്തിന്റെ മാനസിക നിലയോ?
അഞ്ച്‌ വര്‍ഷം അഞ്ച്‌ പോലീസുകാരുടെ സംരക്ഷണയിലായിരുന്നു പിന്നീടവളുടെ ജീവിതം. കോടതിയിലേക്കല്ലാതെ വീടിനു പുറത്തേക്ക്‌ ആ കുട്ടിയിറങ്ങിയിട്ടില്ല. തുടര്‍ന്ന്‌ പഠിച്ചില്ല. ജീവിതത്തില്‍ അവള്‍ മാത്രമല്ല ഒറ്റപ്പെട്ടത്‌. മാതാപിതാക്കളേയും ബന്ധുക്കള്‍ ബഹിഷ്‌കരിച്ചു. അച്ഛന്റെ അമ്മയുടെ മരണം പോലും അവരെ ആരും അറിയിച്ചില്ല. അവളുടെ സഹോദരി അഞ്ച്‌ വര്‍ഷത്തിനിടെ വീട്ടിലേക്ക്‌ വരികയുണ്ടായില്ല. കേരളത്തിന്‌ പുറത്തണ്‌ നാണക്കേട്‌ മൂലം സഹോദരി കഴിഞ്ഞു കൂടിയിരുന്നത്‌. ഏറ്റവും ഒടുവിലായി അവളെക്കുറിച്ച്‌ കേട്ടത്‌ സര്‍ക്കാര്‍ സഹായം കൊണ്ട്‌ പണിത വീടും മറ്റും ഉപേക്ഷിച്ച്‌ മനസ്സമാധാനം തേടി എങ്ങോ പോയി എന്നാണ്‌. മാധ്യമ ആഘോഷങ്ങളുടെ ആദ്യ ഇരയുടെ അനുഭവമാണിതെങ്കില്‍ വിതുര കേസിലും സമാനമായ വിധിയെ തന്നെയാണ്‌ ഈ പെണ്‍കുട്ടിക്കും ഏറ്റുവാങ്ങേണ്ടി വന്നത്‌. ഇന്നും അവള്‍ അനുഭവിച്ച്‌ കൊണ്ടേയിരിക്കുന്നതും സമാനമായ ദുരിതങ്ങള്‍ തന്നെ. മാധ്യമ വിചാരണയുടെ പാഠങ്ങളാണ്‌ തന്നെ ഇത്രയേറെ തകര്‍ത്തുകളഞ്ഞതെന്ന്‌ അവള്‍ പറഞ്ഞിട്ടുണ്ട്‌. കേസിലെ ഉന്നതനും തലയൂരി. കിളിരൂര്‍ കേസില്‍ ശാരി എസ്‌ നായരുടെ മരണമാണുണ്ടായതെങ്കില്‍ അവളെ ഓര്‍മിപ്പിക്കാന്‍ ഒരു കുഞ്ഞ്‌ മാതാപിതാക്കള്‍ക്കൊപ്പം വളരുന്നുണ്ട്‌. ആ കുഞ്ഞിന്റെ ചിത്രം നിരന്തരം കാണിക്കാന്‍ ചാനലുകള്‍ക്കോ പത്രങ്ങള്‍ക്കോ യാതൊരൂ മടിയുമില്ല.
കവിയൂര്‍ കേസ്‌ ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിലാണൊടുങ്ങിയത്‌. പൂമത്ര മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ഭാര്യ ശോഭ, മക്കളായ അനഘ, അഖില, അക്ഷയ്‌ എന്നിവരാണ്‌ മരിച്ചത്‌. കേസന്വേഷണം എങ്ങും എത്തിയിട്ടില്ല. മാധ്യമങ്ങള്‍ കുറേ ആഘോഷിച്ചു. അത്ര തന്നെ.
2005 ജനുവരി 31നായിരുന്നു കൊട്ടിയം കേസിലെ ഇരയായ പെണ്‍കുട്ടി ഷൈനിയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. പാങ്ങോട്‌ സൈനിക ക്യാമ്പില്‍ വെച്ച്‌ ഷൈനി പീഡിപ്പിക്കപ്പെട്ടു എന്നതാണ്‌ കേസ്‌. ഉന്നതരായ പോലീസുകാരും പ്രമുഖരും പ്രതികളായിരുന്നു. കേസില്‍ 24 പ്രതികളാണ്‌ ഉണ്ടായിരുന്നത്‌. അവരില്‍ ഇരുപത്‌ പേരെയും അറസ്റ്റ്‌ ചെയ്‌തു. വ്യക്തമായ തെളിവുകള്‍ ഈ കേസിലുണ്ടായിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ല. ഈ സംഭവവും മാധ്യമങ്ങള്‍ കുറേ കൊണ്ടാടി.
മറ്റൊരു പത്രത്തിന്റെ ഞായറാഴ്‌ച സ്റ്റോറിയായി വന്നതായിരുന്നു കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥയെ ബസ്സിനുള്ളില്‍ നിന്ന്‌ പീഡിപ്പിച്ച കഥ. പി ഇ ഉഷ എന്ന്‌ പിന്നെ അവരെ വിളിച്ചു. വല്ലാതെ ആഘോഷിച്ചു കളഞ്ഞു പത്രം ആ സ്റ്റോറി. എന്നാല്‍ ഇന്ന്‌ എന്താണ്‌ അവരുടെ അവസ്ഥ? സ്വന്തം ഭര്‍ത്താവ്‌ പോലും തള്ളിപ്പറഞ്ഞില്ലേ? നാണക്കേട്‌ മൂലം ആ ബന്ധം പോലും ഉപേക്ഷിച്ചു പോകുകയായിരുന്നു അയാള്‍. ഇന്ന്‌ ഇതേക്കുറിച്ച്‌ സംസാരിക്കാന്‍ പോലും താത്‌പര്യമില്ലാതെയാണ്‌ തകര്‍ന്ന മനസ്സുമായി അവര്‍ കഴിഞ്ഞുകൂടുന്നത്‌.
ഇപ്പോഴും ആഘോഷിക്കുന്ന തിരക്കുകളിലാണ്‌ മാധ്യമങ്ങള്‍. പക്ഷേ എക്‌സ്‌ക്ലൂസീവുകള്‍ ഉണ്ടാക്കി തീര്‍ത്തേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അവര്‍ വേണ്ടത്ര ആലോചിക്കുന്നില്ലെന്ന്‌ വേണം കരുതാന്‍.
കേസുകള്‍ കീറിമുറിക്കപ്പെടുന്നതിനിടയില്‍, വിഴുപ്പലക്കലുകളുടെ അതിര്‍ത്തികള്‍ തകര്‍ന്നടിയുമ്പോള്‍ പുതുതലമുറ അതെങ്ങനെ സ്വീകരിക്കുമെന്നും ആലോചിക്കുന്നില്ല. അടുത്ത കാലത്ത്‌ കുട്ടികള്‍ കുറ്റവാളികളായ നിരവധി സംഭവങ്ങളില്‍ അവരെ അതിന്‌ പ്രേരിപ്പിച്ചത്‌ പുതിയകാല സിനിമകളും വാര്‍ത്തകളുമായിരുന്നു. പെണ്‍വാണിഭ കേസുകളിലെ പല ആരോപണങ്ങള്‍ക്കും നീര്‍കുമിളയുടെ ആയുസ്സ്‌ മാത്രമാണെന്നറിയാത്തവരല്ല അതാഘോഷിക്കുന്നത്‌.
മാധ്യമങ്ങള്‍ക്ക്‌ ഇത്തരം കേസുകള്‍ കൈകൈര്യം ചെയ്യുന്നതിന്‌ മാര്‍ഗരേഖ അത്യാവശ്യമായിത്തീര്‍ന്നിട്ടുണ്ടെന്ന്‌ പറയാതിരിക്കാനാകില്ല. കോടതി മുറികള്‍ പോലെ വിചാരണക്കോടതികളായി വാര്‍ത്താ മുറികള്‍ മാറുന്നുവെന്നത്‌ എത്രയൊക്കെ നിഷേധിച്ചാലും സമ്മതിക്കേണ്ടിവരുന്നു. ഒരു നിയന്ത്രണരേഖ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു ദൃശ്യമാധ്യമങ്ങള്‍ക്ക്‌. ആരെന്ത്‌ ആരോപണം വിളമ്പിയാലും അതേറ്റ്‌ പറയുന്ന മെഗാഫോണ്‍ മാത്രമാകുന്നതെന്തിനാണ്‌ ചാനലുകള്‍? വസ്‌തുതകള്‍ പരിശോധിക്കുന്നതിന്‌ എഡിറ്റോറിയല്‍ ബോര്‍ഡിന്‌ പുറമെ നിയമ വിദഗ്‌ധരുടെ സേവനവും ഇവിടെ സദാ വേണ്ടിയിരിക്കുന്നു. സ്‌ത്രീ പീഡനകേസുകള്‍ കൈകൈര്യം ചെയ്യുന്നതിന്‌ പ്രത്യേക സംവിധാനങ്ങളും രീതികളും ഇനിയെങ്കിലും സ്വീകരിച്ചേ മതിയാകൂ.

1 Response to "ചാനല്‍ക്കോടതി വിധികളുടെ പ്രത്യാഘാതങ്ങള്‍"

SiM Media said...

nannaayittund

Post a Comment