പഠിച്ചതോര്‍മിക്കാന്‍


പഠിച്ചതോര്‍മിക്കാന്‍, നന്നായി ഉറങ്ങണം.

ശരീരത്തിന്റെ യന്ത്രസംവിധാനത്തിനു വിശ്രമം ലഭിക്കാന്‍ പ്രകൃതി നിശ്ചയിച്ച ഉപാധിയാണ്‌ ഉറക്കം. ഉറക്കത്തില്‍ പേശികള്‍ക്ക്‌ അയവു ലഭിക്കുകയും ശരീരത്തിന്റെ താപനിലയും രക്തസമ്മര്‍ദത്തിന്റെ തോതും താഴ്‌ന്നുവരികയും ചെയ്യുന്നു. ഉറക്കം കുറഞ്ഞാല്‍ മ്ലാനതയും ക്ലേശവും അനുഭവപ്പെടുന്നു. ശരിയായ പഠന പുരോഗതിക്ക്‌ വേണ്ടത്ര ഉറക്കം ലഭ്യമാക്കണം.
ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെയാണ്‌ സാധാരണ രീതിയില്‍ ഉറങ്ങേണ്ട സമയം. കുട്ടികള്‍ക്ക്‌ കുറച്ചു കൂടുതല്‍ സമയം വേണ്ടിവരും. എത്ര മണിക്കൂര്‍ ഉറങ്ങിയെന്നതിനാണു പ്രാധാന്യം. കൂടുതല്‍ സമയം ഉറങ്ങുന്നതും നല്ലതല്ല. പ്രായമേറുമ്പോള്‍ ഉറക്കം കുറയുന്നതു സാധാരണമാണ്‌. ഉച്ചക്ക്‌ മയങ്ങുന്നതും നല്ലതാണ്‌ എന്നാണ്‌ വിദഗ്‌ധ മതം. അര്‍ധരാത്രി മുതല്‍ വെളിപ്പിന്‌ ഏഴു മണി വരെയാണ്‌ ഉറങ്ങുന്നതിന്‌ ഏറ്റവും നല്ല സമയമായി കരുതിയിരിക്കുന്നത്‌. ഉച്ചക്ക്‌ ഒന്നു മയങ്ങിയാല്‍ ഉന്മേഷം കിട്ടുമെന്നതില്‍ സംശയിക്കേണ്ട.

ഉറക്കത്തിന്റെ രീതികള്‍ വ്യത്യസ്‌തമാണെങ്കിലും പൊതുവെ ഉറക്കത്തെ രണ്ടായി തിരിക്കാം. കണ്‍പോളക്കുള്ളില്‍ ചലനമില്ലാത്ത ഉറക്കമാണ്‌ ഒന്ന്‌. 'നോണ്‍ റെം ഉറക്കം' എന്നാണിതിനെ പറയുന്നത്‌. ഈ ഉറക്കത്തിനു പല ഘട്ടങ്ങളുണ്ട്‌. ഈ ഘട്ടം കഴിഞ്ഞാല്‍ പോളക്കുള്ളില്‍ കണ്ണുകള്‍ തുള്ളുന്ന ഉറക്കം തുടങ്ങുകയായി. മനസ്സ്‌ ഉന്മേഷം വീണ്ടെടുക്കുന്ന ഘട്ടമാണിത്‌. ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെല്ലാം ഈ സമയത്തു മെച്ചപ്പെടും.

കുട്ടികളുടെ വളരാനുള്ള ഹോര്‍മോണ്‍ പ്രവര്‍ത്തനം, രോഗപ്രതിരോധ ശക്തി, ഓര്‍മ ഇവയെല്ലാം ഉദ്ദീപിപ്പിക്കുന്നതില്‍ ഉറക്കത്തിനു വലിയ പങ്കുണ്ട്‌. കഫക്കെട്ട്‌, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉറക്കക്കുറവുള്ള കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു. മാത്രമല്ല ശ്രദ്ധക്കുറവ്‌, അസ്വസ്ഥത പ്രകടിപ്പിക്കല്‍ എന്നിവ ഉറക്കക്കുറവുള്ള കുട്ടികളില്‍ കൂടുതലാണ്‌. ഉറക്കവും ഓര്‍മ്മശക്തിയുമായി ബന്ധമുണ്ടെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. രാത്രിയില്‍ കണ്ട സ്വപ്‌നങ്ങള്‍ നാം ഓര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. ഉറക്കത്തിന്റെ ഒരു ഘട്ടത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാകുന്നു.

ടി വിയിലെ പരിപാടികള്‍ കണ്ട്‌ ഉറക്കം നഷ്‌ടപ്പെടുത്തുന്ന കുട്ടികളാണിന്നധികവും. മാതാപിതാക്കളാണ്‌ ഈ ശീലം അവരില്‍ വളര്‍ത്തുന്നത്‌. കുട്ടിക്ക്‌ നല്ല ഉറക്കം കിട്ടാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കണം. കിടക്കയോ മറ്റോ സുഖപ്രദമായിരിക്കണം. ചീത്ത പറഞ്ഞ്‌ ഉറങ്ങാന്‍ വിടുന്നതിനു പകരം അല്‍പനേരം സന്തോഷത്തോടെ സംസാരിച്ച്‌ കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കാവുന്നതാണ്‌. നല്ല കഥകള്‍ പറഞ്ഞുകൊടുക്കാം. അല്ലെങ്കില്‍ പാട്ടുപാടിയുറക്കാം.

3 Response to "പഠിച്ചതോര്‍മിക്കാന്‍"

mukthaRionism said...

അതന്നെ.
അതൊന്നും നമ്മുടെ രക്ഷിതാക്കള്‍ക്ക് തിരിയൂല.
ഉറക്കമൊഴിച്ചിരുന്ന് പഠിച്ചാലേ അവര്‍ക്ക് തൃപ്തിയാവൂ..

പാവപ്പെട്ടവൻ said...

പ്രയോചനമുള്ള ഒരു പോസ്റ്റ് നന്നായി.
ഇനി ഡോക്ടറോട് ഒരു ചോദ്യം : വലത്തെ കണ്ണിന്റെ പുരികവുമായി ബന്ധപ്പെട്ടഭാഗം ഒരു തരിപ്പു പോലെ ഈ വലത്തെ കണ്ണിന്റെ കൺപോള നല്ല വിറയൽ പോലെയും എന്താണ് കാരണം ..?

akbarali charankav said...

എനിക്ക്‌ അങ്ങിനെ തോന്നിയിട്ടില്ല. ഞാന്‍ ഉറക്കമൊഴിച്ച്‌ പഠിച്ചാലാണ്‌ അല്‍പ്പം ആത്മ വിശ്വാസം തോന്നിയിട്ടുള്ളത്‌. അതിന്‌ ആരും നിര്‍ബന്ധിക്കുന്നതിനോട്‌ വിയോജിപ്പാണ്‌

Post a Comment