പഠിച്ചതോര്‍മിക്കാന്‍


പഠിച്ചതോര്‍മിക്കാന്‍, നന്നായി ഉറങ്ങണം.

ശരീരത്തിന്റെ യന്ത്രസംവിധാനത്തിനു വിശ്രമം ലഭിക്കാന്‍ പ്രകൃതി നിശ്ചയിച്ച ഉപാധിയാണ്‌ ഉറക്കം. ഉറക്കത്തില്‍ പേശികള്‍ക്ക്‌ അയവു ലഭിക്കുകയും ശരീരത്തിന്റെ താപനിലയും രക്തസമ്മര്‍ദത്തിന്റെ തോതും താഴ്‌ന്നുവരികയും ചെയ്യുന്നു. ഉറക്കം കുറഞ്ഞാല്‍ മ്ലാനതയും ക്ലേശവും അനുഭവപ്പെടുന്നു. ശരിയായ പഠന പുരോഗതിക്ക്‌ വേണ്ടത്ര ഉറക്കം ലഭ്യമാക്കണം.
ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെയാണ്‌ സാധാരണ രീതിയില്‍ ഉറങ്ങേണ്ട സമയം. കുട്ടികള്‍ക്ക്‌ കുറച്ചു കൂടുതല്‍ സമയം വേണ്ടിവരും. എത്ര മണിക്കൂര്‍ ഉറങ്ങിയെന്നതിനാണു പ്രാധാന്യം. കൂടുതല്‍ സമയം ഉറങ്ങുന്നതും നല്ലതല്ല. പ്രായമേറുമ്പോള്‍ ഉറക്കം കുറയുന്നതു സാധാരണമാണ്‌. ഉച്ചക്ക്‌ മയങ്ങുന്നതും നല്ലതാണ്‌ എന്നാണ്‌ വിദഗ്‌ധ മതം. അര്‍ധരാത്രി മുതല്‍ വെളിപ്പിന്‌ ഏഴു മണി വരെയാണ്‌ ഉറങ്ങുന്നതിന്‌ ഏറ്റവും നല്ല സമയമായി കരുതിയിരിക്കുന്നത്‌. ഉച്ചക്ക്‌ ഒന്നു മയങ്ങിയാല്‍ ഉന്മേഷം കിട്ടുമെന്നതില്‍ സംശയിക്കേണ്ട.

ഉറക്കത്തിന്റെ രീതികള്‍ വ്യത്യസ്‌തമാണെങ്കിലും പൊതുവെ ഉറക്കത്തെ രണ്ടായി തിരിക്കാം. കണ്‍പോളക്കുള്ളില്‍ ചലനമില്ലാത്ത ഉറക്കമാണ്‌ ഒന്ന്‌. 'നോണ്‍ റെം ഉറക്കം' എന്നാണിതിനെ പറയുന്നത്‌. ഈ ഉറക്കത്തിനു പല ഘട്ടങ്ങളുണ്ട്‌. ഈ ഘട്ടം കഴിഞ്ഞാല്‍ പോളക്കുള്ളില്‍ കണ്ണുകള്‍ തുള്ളുന്ന ഉറക്കം തുടങ്ങുകയായി. മനസ്സ്‌ ഉന്മേഷം വീണ്ടെടുക്കുന്ന ഘട്ടമാണിത്‌. ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെല്ലാം ഈ സമയത്തു മെച്ചപ്പെടും.

കുട്ടികളുടെ വളരാനുള്ള ഹോര്‍മോണ്‍ പ്രവര്‍ത്തനം, രോഗപ്രതിരോധ ശക്തി, ഓര്‍മ ഇവയെല്ലാം ഉദ്ദീപിപ്പിക്കുന്നതില്‍ ഉറക്കത്തിനു വലിയ പങ്കുണ്ട്‌. കഫക്കെട്ട്‌, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉറക്കക്കുറവുള്ള കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു. മാത്രമല്ല ശ്രദ്ധക്കുറവ്‌, അസ്വസ്ഥത പ്രകടിപ്പിക്കല്‍ എന്നിവ ഉറക്കക്കുറവുള്ള കുട്ടികളില്‍ കൂടുതലാണ്‌. ഉറക്കവും ഓര്‍മ്മശക്തിയുമായി ബന്ധമുണ്ടെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. രാത്രിയില്‍ കണ്ട സ്വപ്‌നങ്ങള്‍ നാം ഓര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. ഉറക്കത്തിന്റെ ഒരു ഘട്ടത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാകുന്നു.

ടി വിയിലെ പരിപാടികള്‍ കണ്ട്‌ ഉറക്കം നഷ്‌ടപ്പെടുത്തുന്ന കുട്ടികളാണിന്നധികവും. മാതാപിതാക്കളാണ്‌ ഈ ശീലം അവരില്‍ വളര്‍ത്തുന്നത്‌. കുട്ടിക്ക്‌ നല്ല ഉറക്കം കിട്ടാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കണം. കിടക്കയോ മറ്റോ സുഖപ്രദമായിരിക്കണം. ചീത്ത പറഞ്ഞ്‌ ഉറങ്ങാന്‍ വിടുന്നതിനു പകരം അല്‍പനേരം സന്തോഷത്തോടെ സംസാരിച്ച്‌ കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കാവുന്നതാണ്‌. നല്ല കഥകള്‍ പറഞ്ഞുകൊടുക്കാം. അല്ലെങ്കില്‍ പാട്ടുപാടിയുറക്കാം.

കവരാം : കഥകള്‍ പറഞ്ഞ്‌ കുഞ്ഞുമനസ്സുകള്‍


“പണ്ടു പണ്ടൊരു കൊട്ടാരത്തില്‍......”
അമ്മ കഥ പറഞ്ഞു തുടങ്ങിയതേയുള്ളൂ അപ്പോഴേക്കും ചിന്നുമോള്‍ക്ക്‌ സംശയം.
“അമ്മേ കൊട്ടാരം എന്നു പറഞ്ഞാലെന്താ?”

ശിശുക്കളുടെ മാനസ ലോകത്തേയ്‌ക്ക്‌ കടന്നുചെല്ലാന്‍ പറ്റുന്ന ഏറ്റവും മനോഹരമായ ഒരു വഴിയാണ്‌ കഥകള്‍. കഥകളിലൂടെ കുഞ്ഞുങ്ങള്‍ ഏറെ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്‌. സാമൂഹിക മൂല്യങ്ങളും നിയമങ്ങളും പകര്‍ന്നു നല്‍കാന്‍ കഥകളിലൂടെ സാധിക്കും. ചെറുപ്പത്തില്‍ കഥകള്‍ കേട്ടു വളര്‍ന്ന കുട്ടികളുടെ ഭാവനാലോകം സമ്പന്നമായിരിക്കും.
കഥയിലെ കഥാപാത്രങ്ങളുമായി വളരെ പെട്ടെന്ന്‌ താദാത്മ്യം പ്രാപിക്കുന്ന സ്വഭാവക്കാരാണ്‌ കുട്ടികള്‍. ഓമനിച്ചു വളര്‍ത്തിയ പൂച്ചക്കുഞ്ഞിനെ കാണാതായതിന്റെ ദുഃഖത്തില്‍ കരയുന്ന മിട്ടുവിന്റെ കഥകേള്‍ക്കുമ്പോള്‍ മിട്ടുവിന്റെ അതേ സങ്കടം കുട്ടികള്‍ക്കും അനുഭവപ്പെടും. കഷ്‌ടപ്പെട്ടു പഠിച്ച്‌ വലിയ ജോലി നേടിയ ഒരാളുടെ കഥ നല്ല ജോലി സമ്പാദിക്കാന്‍ കുട്ടികള്‍ക്കു പ്രേരണ നല്‍കും. വീട്ടുകാരുടെ സമ്മതമില്ലാതെ മറ്റൊരാളെ വിവാഹം കഴിച്ച സംഭവം കേള്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യരുത്‌ എന്ന ചിന്ത കുട്ടിയില്‍ ഉണ്ടാക്കുന്നു.

കുട്ടിയോട്‌ കഥപറയുമ്പോള്‍ പുതിയ കുറെ വാക്കുകള്‍ ചേര്‍ത്ത്‌ പറയാന്‍ ശ്രദ്ധിക്കണം. കാരണം ഇതവര്‍ക്ക്‌ കൂടുതല്‍ വാക്കുകളെ പരിചയപ്പെടാന്‍ അവസരമൊരുക്കും. ചിത്രങ്ങള്‍ കാണിച്ചുകൊടുത്തോ വരച്ചുകാണിച്ചു കൊണ്ടോ പറയുന്ന കഥകള്‍ കുട്ടിയുടെ ക്രിയാത്മക കഴിവുകളെ വികസിപ്പിക്കാന്‍ വേഗത കൂട്ടും. ഭാവവ്യത്യാസങ്ങളോടെ കഥപറയാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കഥകള്‍ പറയാന്‍ വീട്ടില്‍ കുട്ടികള്‍ക്ക്‌ അവസരം നല്‍കണം. കുട്ടി കഥ പറയുമ്പോള്‍ മനസ്സില്‍ അടക്കി വെച്ചിരിക്കുന്ന വികാരങ്ങള്‍ പുറത്തു ചാടുകയും അതുവഴി അവരുടെ മനസ്സ്‌ കൂടുതല്‍ ഉന്മേഷം കൈവരിക്കുകയും ചെയ്യുന്നു. ശീലങ്ങളെ വളര്‍ത്തിയെടുക്കാനും കുട്ടികള്‍ ചെയ്‌ത തെറ്റുകളെ ബോധ്യപ്പെടുത്താനും കഥകള്‍ ഉപയോഗിക്കാം. കഥയ്‌ക്കിടെ കുട്ടികള്‍ ചോദിക്കുന്ന സംശയങ്ങള്‍ക്കു ക്ഷമയോടെ സത്യസന്ധമായി മറുപടി നല്‍കണം.

കുട്ടികളുടെ പ്രായത്തിനും വികസനത്തിനും അനുസരിച്ച കഥകളായിരിക്കണം പറയേണ്ടത്‌. ലളിതമായ കഥാപുസ്‌തകങ്ങള്‍ കുട്ടികള്‍ക്ക്‌ വാങ്ങിക്കൊടുക്കണം. ഇത്‌ പുസ്‌തകങ്ങളെ സ്‌നേഹിക്കാനും വായനാശീലം ഉള്ളവരാക്കാനും സഹായിക്കും. നീതി, സത്യം, ദാനധര്‍മ്മം തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തുന്ന രീതിയിലായിരിക്കണം ഓരോകഥകളും പറഞ്ഞു കൊടുക്കേണ്ടത്‌. അതുപോലെ മോഷണം, കളവ്‌ പറയല്‍, കൊലപാതകം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ തടഞ്ഞുനിര്‍ത്താനും കഥകളെ ഉപയോഗപ്പെടുത്താം.