ചാനല്‍ക്കോടതി വിധികളുടെ പ്രത്യാഘാതങ്ങള്‍

ഇത്‌ പറയാമോ എന്നെനിക്കറിയില്ല. പക്ഷേ പറയാതിരിക്കാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഈ കുറിപ്പ്‌. ഒരു സാദാ വീട്ടമ്മയുടെ ചെറിയ ബുദ്ധിയിലെ വലിയ കാര്യമാണെന്ന്‌ എനിക്ക്‌ തോന്നുമ്പോള്‍ എല്ലാവര്‍ക്കും അങ്ങനെയാകില്ലെന്നറിയാവുന്നത്‌ കൊണ്ടാണ്‌ ആമുഖമായി ഈ ആശങ്ക പ്രകടിപ്പിച്ചത്‌.
സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍, കൊട്ടിയം, അടിമാലി, മൂവാറ്റുപുഴ, പറവൂര്‍... ഇവയെല്ലാം കേരളത്തിന്റെ വ്യത്യസ്‌ത ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണെങ്കിലും നമ്മെ എല്ലായ്‌പ്പോഴും അലോസരപ്പെടുത്തികൊണ്ടേയിരിക്കുന
്നു ഈ സ്ഥലനാമങ്ങള്‍. പ്രത്യേകിച്ചും പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കും സഹോദരിയെ സ്‌നേഹിക്കുന്ന സഹോദരങ്ങള്‍ക്കും ഒരു ഭീതിയാണ്‌ ഈ പേരുയര്‍ത്തുന്ന ഓര്‍മകള്‍. എന്നിട്ടും അത്തരം സംഭവങ്ങളുടെ പെരുമഴകള്‍ വന്നുകൊണ്ടേയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ നടന്ന കഥകളുടെ ക്ലൈമാക്‌സുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാഘോഷിച്ച്‌ കൊണ്ടേയിരിക്കുന്നു മാധ്യമങ്ങള്‍. ഇതില്‍ പെട്ട ഇരകള്‍ക്കോ ആരോപണവിധേയര്‍ക്കോ ഈ വാര്‍ത്ത വന്നാല്‍ എന്ത്‌ സംഭവിക്കുമെന്ന്‌ ആലോചിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കില്ലല്ലോ. ഇവര്‍ക്കും കുടുംബവും വീടും പൊതുസമൂഹത്തിലെ ജീവിതവും ഉണ്ടെന്ന വസ്‌തുത മാധ്യങ്ങള്‍ മറക്കുന്നു. `ആരോപണവിധേയര്‍' ഇപ്പോള്‍ ആരോപണ വിധേയര്‍ മാത്രമാണ്‌ എന്ന കാര്യം മാധ്യമങ്ങള്‍ മറക്കുന്നു. അവര്‍ വിധി പ്രസ്‌താവിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്നു. ആഘോഷം അതിരുവിടുമ്പോള്‍ ആര്‍ക്കും എന്തും സംഭവിക്കാം. ബെല്ലില്ല, ബയ്‌ക്കില്ല, കുത്ത്യാ കേസില്ല എന്ന്‌ പറഞ്ഞപോലെ.
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ പത്രം തുറക്കാന്‍ പേടിയാകുന്നു. ചാനലുകള്‍ മാറ്റാന്‍ ഭീതി തോന്നുന്നു. കുട്ടികളുടെ മുന്നില്‍ വെച്ച്‌ പ്രത്യേകിച്ചും. നേരത്തെ പത്രം വായിക്കാനും വാര്‍ത്തക്കായി ന്യൂസ്‌ ചാനലുകള്‍ തുറക്കാനും പറഞ്ഞിരുന്ന കുട്ടികളോട്‌ അത്‌ തുറന്ന്‌ നോക്കരുതെന്ന്‌ പറയാനാണ്‌ തോന്നുന്നത്‌. അത്രക്ക്‌ ഭീകരമായിരിക്കുന്നു ഇത്തരം വാര്‍ത്തകളുടെ ആഘോഷങ്ങള്‍.
1996 ഫെബ്രുവരിയിലായിരുന്നു സൂര്യനെല്ലി എന്ന ആ മലയോര ഗ്രാമം (കു)പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങിയത്‌. അതുവരെ നമുക്കും സുപരിചിതമായിരുന്നില്ല പെണ്‍വാണിഭമെന്ന വാചകം. ഒറ്റപ്പെട്ട സംഭവങ്ങളിലാകട്ടെ ഇത്രയും കലാകാരന്‍മാര്‍ ഒന്നിച്ച്‌ അണിനിരന്നിട്ടുമുണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടിക്ക്‌ കൂടുതലൊന്നുമറിയില്ലായിരുന്നു ഈ ലോകത്തെക്കുറിച്ച്‌. എന്നാല്‍ അതില്‍ പിന്നെ അവള്‍ അറിഞ്ഞു. അനുഭവിച്ചു. ഇപ്പോഴും ഉമിത്തീയില്‍ എരിഞ്ഞുകൊണ്ടേയിരിക്കുകയാണ്‌. കേസില്‍ 215 സാക്ഷികളായിരുന്നു. അതില്‍ 97 പേരെ വിസ്‌തരിച്ചു. 2004 നവംബര്‍ 15നാണ്‌ വിചാരണ തുടങ്ങിയത്‌. നീതിന്യായ വ്യവസ്ഥയിലെ ചരിത്ര സംഭവമെന്നാണ്‌ സൂര്യനെല്ലി കേസിലെ കോടതി വിധിയെ വിശേഷിപ്പിച്ചത്‌. സംഭവത്തില്‍ 35 പേര്‍ക്ക്‌ കഠിനതടവും പിഴയും ലഭിച്ചു. ഇരയായ പെണ്‍കുട്ടിക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കി. നഷ്‌ടപരിഹാരം അനുവദിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികളേയും കുറ്റാരോപിതരേയും ജനം മറന്നു. ചിലര്‍ ശിക്ഷിക്കപ്പെട്ടു. ചിലര്‍ ഉന്നത സ്ഥാനങ്ങളിലേക്കുയര്‍ത്തപ്പെട്ടു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ സ്ഥിതിയോ? അവളുടെ കുടുംബത്തിന്റെ മാനസിക നിലയോ?
അഞ്ച്‌ വര്‍ഷം അഞ്ച്‌ പോലീസുകാരുടെ സംരക്ഷണയിലായിരുന്നു പിന്നീടവളുടെ ജീവിതം. കോടതിയിലേക്കല്ലാതെ വീടിനു പുറത്തേക്ക്‌ ആ കുട്ടിയിറങ്ങിയിട്ടില്ല. തുടര്‍ന്ന്‌ പഠിച്ചില്ല. ജീവിതത്തില്‍ അവള്‍ മാത്രമല്ല ഒറ്റപ്പെട്ടത്‌. മാതാപിതാക്കളേയും ബന്ധുക്കള്‍ ബഹിഷ്‌കരിച്ചു. അച്ഛന്റെ അമ്മയുടെ മരണം പോലും അവരെ ആരും അറിയിച്ചില്ല. അവളുടെ സഹോദരി അഞ്ച്‌ വര്‍ഷത്തിനിടെ വീട്ടിലേക്ക്‌ വരികയുണ്ടായില്ല. കേരളത്തിന്‌ പുറത്തണ്‌ നാണക്കേട്‌ മൂലം സഹോദരി കഴിഞ്ഞു കൂടിയിരുന്നത്‌. ഏറ്റവും ഒടുവിലായി അവളെക്കുറിച്ച്‌ കേട്ടത്‌ സര്‍ക്കാര്‍ സഹായം കൊണ്ട്‌ പണിത വീടും മറ്റും ഉപേക്ഷിച്ച്‌ മനസ്സമാധാനം തേടി എങ്ങോ പോയി എന്നാണ്‌. മാധ്യമ ആഘോഷങ്ങളുടെ ആദ്യ ഇരയുടെ അനുഭവമാണിതെങ്കില്‍ വിതുര കേസിലും സമാനമായ വിധിയെ തന്നെയാണ്‌ ഈ പെണ്‍കുട്ടിക്കും ഏറ്റുവാങ്ങേണ്ടി വന്നത്‌. ഇന്നും അവള്‍ അനുഭവിച്ച്‌ കൊണ്ടേയിരിക്കുന്നതും സമാനമായ ദുരിതങ്ങള്‍ തന്നെ. മാധ്യമ വിചാരണയുടെ പാഠങ്ങളാണ്‌ തന്നെ ഇത്രയേറെ തകര്‍ത്തുകളഞ്ഞതെന്ന്‌ അവള്‍ പറഞ്ഞിട്ടുണ്ട്‌. കേസിലെ ഉന്നതനും തലയൂരി. കിളിരൂര്‍ കേസില്‍ ശാരി എസ്‌ നായരുടെ മരണമാണുണ്ടായതെങ്കില്‍ അവളെ ഓര്‍മിപ്പിക്കാന്‍ ഒരു കുഞ്ഞ്‌ മാതാപിതാക്കള്‍ക്കൊപ്പം വളരുന്നുണ്ട്‌. ആ കുഞ്ഞിന്റെ ചിത്രം നിരന്തരം കാണിക്കാന്‍ ചാനലുകള്‍ക്കോ പത്രങ്ങള്‍ക്കോ യാതൊരൂ മടിയുമില്ല.
കവിയൂര്‍ കേസ്‌ ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിലാണൊടുങ്ങിയത്‌. പൂമത്ര മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ഭാര്യ ശോഭ, മക്കളായ അനഘ, അഖില, അക്ഷയ്‌ എന്നിവരാണ്‌ മരിച്ചത്‌. കേസന്വേഷണം എങ്ങും എത്തിയിട്ടില്ല. മാധ്യമങ്ങള്‍ കുറേ ആഘോഷിച്ചു. അത്ര തന്നെ.
2005 ജനുവരി 31നായിരുന്നു കൊട്ടിയം കേസിലെ ഇരയായ പെണ്‍കുട്ടി ഷൈനിയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. പാങ്ങോട്‌ സൈനിക ക്യാമ്പില്‍ വെച്ച്‌ ഷൈനി പീഡിപ്പിക്കപ്പെട്ടു എന്നതാണ്‌ കേസ്‌. ഉന്നതരായ പോലീസുകാരും പ്രമുഖരും പ്രതികളായിരുന്നു. കേസില്‍ 24 പ്രതികളാണ്‌ ഉണ്ടായിരുന്നത്‌. അവരില്‍ ഇരുപത്‌ പേരെയും അറസ്റ്റ്‌ ചെയ്‌തു. വ്യക്തമായ തെളിവുകള്‍ ഈ കേസിലുണ്ടായിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ല. ഈ സംഭവവും മാധ്യമങ്ങള്‍ കുറേ കൊണ്ടാടി.
മറ്റൊരു പത്രത്തിന്റെ ഞായറാഴ്‌ച സ്റ്റോറിയായി വന്നതായിരുന്നു കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥയെ ബസ്സിനുള്ളില്‍ നിന്ന്‌ പീഡിപ്പിച്ച കഥ. പി ഇ ഉഷ എന്ന്‌ പിന്നെ അവരെ വിളിച്ചു. വല്ലാതെ ആഘോഷിച്ചു കളഞ്ഞു പത്രം ആ സ്റ്റോറി. എന്നാല്‍ ഇന്ന്‌ എന്താണ്‌ അവരുടെ അവസ്ഥ? സ്വന്തം ഭര്‍ത്താവ്‌ പോലും തള്ളിപ്പറഞ്ഞില്ലേ? നാണക്കേട്‌ മൂലം ആ ബന്ധം പോലും ഉപേക്ഷിച്ചു പോകുകയായിരുന്നു അയാള്‍. ഇന്ന്‌ ഇതേക്കുറിച്ച്‌ സംസാരിക്കാന്‍ പോലും താത്‌പര്യമില്ലാതെയാണ്‌ തകര്‍ന്ന മനസ്സുമായി അവര്‍ കഴിഞ്ഞുകൂടുന്നത്‌.
ഇപ്പോഴും ആഘോഷിക്കുന്ന തിരക്കുകളിലാണ്‌ മാധ്യമങ്ങള്‍. പക്ഷേ എക്‌സ്‌ക്ലൂസീവുകള്‍ ഉണ്ടാക്കി തീര്‍ത്തേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അവര്‍ വേണ്ടത്ര ആലോചിക്കുന്നില്ലെന്ന്‌ വേണം കരുതാന്‍.
കേസുകള്‍ കീറിമുറിക്കപ്പെടുന്നതിനിടയില്‍, വിഴുപ്പലക്കലുകളുടെ അതിര്‍ത്തികള്‍ തകര്‍ന്നടിയുമ്പോള്‍ പുതുതലമുറ അതെങ്ങനെ സ്വീകരിക്കുമെന്നും ആലോചിക്കുന്നില്ല. അടുത്ത കാലത്ത്‌ കുട്ടികള്‍ കുറ്റവാളികളായ നിരവധി സംഭവങ്ങളില്‍ അവരെ അതിന്‌ പ്രേരിപ്പിച്ചത്‌ പുതിയകാല സിനിമകളും വാര്‍ത്തകളുമായിരുന്നു. പെണ്‍വാണിഭ കേസുകളിലെ പല ആരോപണങ്ങള്‍ക്കും നീര്‍കുമിളയുടെ ആയുസ്സ്‌ മാത്രമാണെന്നറിയാത്തവരല്ല അതാഘോഷിക്കുന്നത്‌.
മാധ്യമങ്ങള്‍ക്ക്‌ ഇത്തരം കേസുകള്‍ കൈകൈര്യം ചെയ്യുന്നതിന്‌ മാര്‍ഗരേഖ അത്യാവശ്യമായിത്തീര്‍ന്നിട്ടുണ്ടെന്ന്‌ പറയാതിരിക്കാനാകില്ല. കോടതി മുറികള്‍ പോലെ വിചാരണക്കോടതികളായി വാര്‍ത്താ മുറികള്‍ മാറുന്നുവെന്നത്‌ എത്രയൊക്കെ നിഷേധിച്ചാലും സമ്മതിക്കേണ്ടിവരുന്നു. ഒരു നിയന്ത്രണരേഖ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു ദൃശ്യമാധ്യമങ്ങള്‍ക്ക്‌. ആരെന്ത്‌ ആരോപണം വിളമ്പിയാലും അതേറ്റ്‌ പറയുന്ന മെഗാഫോണ്‍ മാത്രമാകുന്നതെന്തിനാണ്‌ ചാനലുകള്‍? വസ്‌തുതകള്‍ പരിശോധിക്കുന്നതിന്‌ എഡിറ്റോറിയല്‍ ബോര്‍ഡിന്‌ പുറമെ നിയമ വിദഗ്‌ധരുടെ സേവനവും ഇവിടെ സദാ വേണ്ടിയിരിക്കുന്നു. സ്‌ത്രീ പീഡനകേസുകള്‍ കൈകൈര്യം ചെയ്യുന്നതിന്‌ പ്രത്യേക സംവിധാനങ്ങളും രീതികളും ഇനിയെങ്കിലും സ്വീകരിച്ചേ മതിയാകൂ.

മൂത്രത്തിലെ അണുബാധ: ഗര്‍ഭമലസാം


പ്രോജസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഗര്‍ഭകാലത്ത്‌ മൂത്രാശയ വ്യൂഹം അല്‍പം വികസിക്കാറുണ്ട്‌. ഇതുമൂലം മൂത്രവാഹിനിക്കുഴലിന്റെ പ്രവര്‍ത്തനക്ഷമത അല്‍പം കുറയുന്നു. ഇത്‌ മൂത്രത്തില്‍ അണുബാധ ഉണ്ടാകാന്‍ വഴിയൊരുക്കുന്നു. അണുബാധ മൂത്രനാളിയില്‍ നിന്നു മൂത്ര സഞ്ചയിലേക്കും വൃക്കയിലേക്കും പകരാം. ഗുരുതരമായാല്‍ വൃക്കസ്‌തഭനം വരെ ഉണ്ടാകും. പ്രസവ ശേഷം ആറാഴ്‌ച കഴിഞ്ഞാല്‍ പ്രൊജസ്റ്ററോണ്‍ ലെവല്‍ സാധാരണ നിലയിലാകുമ്പോഴേ മൂത്രാശയ വ്യൂഹം പഴയ പടിയാവൂ.

മൂത്രത്തില്‍ അണുബാധ പിടിപെട്ടാല്‍ ഗര്‍ഭമലസാന്‍ സാധ്യതയുണ്ട്‌. കുഞ്ഞിന്റെ വളര്‍ച്ച കുറയാനും ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിന്റെ മരണത്തിനും ഇതു കാരണമായേക്കും. ഗര്‍ഭിണിയുടെ രക്തസമ്മര്‍ദ്ദം കൂടി പ്രീ എക്‌സാംസിയ എന്ന രോഗാവസ്ഥയുണ്ടാകാം. ഇതു ചികിത്സയിലൂടെ നിയന്ത്രിച്ചില്ലെങ്കില്‍ രോഗം എക്‌സാംസിയ ആയി മാറാനും സന്നി അഥവാ ഫിറ്റ്‌സ്‌ വരാനും ഇടയുണ്ട്‌. വിവാഹത്തിന്റെ ആദ്യത്തെ നാളുകളില്‍ മൂത്രത്തില്‍ അണുബാധ പിടിപെടാന്‍ സാധ്യത കൂടുതലാണ്‌. ഹണിമൂണ്‍ സിസ്റ്റെറ്റിസ്‌ എന്നാണ്‌ ഈ അവസ്ഥയുടെ പേര്‌. ഈ സമയത്ത്‌ ഗര്‍ഭിണിയാണെങ്കില്‍ ഗര്‍ഭമലസിപ്പോകാന്‍ സാധ്യതയുണ്ട്‌. ചില മുന്‍കരുതലുകളിലൂടെ അണുബാധ നിയന്ത്രിക്കാന്‍ കഴിയും.

ദിവസവും കുറഞ്ഞത്‌ പത്ത്‌ ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം. അടിവസ്‌ത്രങ്ങള്‍ ശുചിത്വത്തോടെ സൂക്ഷിക്കണം. കുറച്ചു നേരം മൂത്രം ധരിച്ച ശേഷം സൂക്ഷിക്കണം. കുറച്ചു നേരം മാത്രം ധരിച്ച ശേഷം ഊരിയിട്ട അടിവസ്‌ത്രങ്ങള്‍ വീണ്ടും ധരിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഒഴിവാക്കണം. ഓരോ തവണയും മൂത്രമൊഴിച്ച ശേഷം യോനീഭാഗം കഴുകുക. ആര്‍ത്തവ നാളുകളില്‍ ശുചിത്വ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദിവസം മുഴുവനും ഒരേ സാനിട്ടറി പാഡ്‌ ഉപയോഗിക്കരുത്‌. രണ്ടോ മൂന്നോ തവണയെങ്കിലും പാഡ്‌ മാറണം.

മലവിസര്‍ജനത്തിനുശേഷം മൂത്രദ്വാരത്തില്‍ കൈ തൊടാന്‍ ഇടയാകാത്ത വിധം പിന്നിലേക്ക്‌ കഴുകുക. പിന്നീട്‌ കൈകള്‍ സോപ്പിട്ടു കഴുകണം. സാനിട്ടറി പാഡിനു പകരം തുണിയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ അവ വൃത്തിയായ കഴുകി വെയിലത്തുണക്കി ഇസ്‌തിരിയിട്ട ശേഷം മാത്രം ഉപയോഗിക്കുക. പ്രസവ ശേഷം വയറു ചാടുമെന്നു പേടിച്ച്‌ വെള്ളം കുടിക്കാതിരിക്കരുത്‌. വയറിന്റെ വലിപ്പവും വെള്ളം കുടിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. വെള്ളം കുടിക്കാതിരുന്നാല്‍ മൂത്രത്തില്‍ അണുബാധക്കു സാധ്യതയുണ്ട്‌. ഭാര്യയും ഭര്‍ത്താവും ലൈംഗിക ശുചിത്വം പാലിക്കണം. ലൈംഗിക ബന്ധത്തിനു മുമ്പും ശേഷവും ലൈംഗികാവയവങ്ങള്‍ കഴുകുക. ചര്‍മം പുറകോട്ടു മാറ്റി ലിംഗാഗ്രം വൃത്തിയാക്കാന്‍ പുരുഷന്‍മാര്‍ മറക്കരുത്‌.

ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള മരുന്നായിരിക്കും ഡോക്‌ടര്‍ ആദ്യം നിര്‍ദേശിക്കുക. മൂത്രത്തില്‍ അണുബാധ ഗൗരവമായി തന്നെ കാണണം. ഏതു തരം അണുവാണ്‌ ബാധിച്ചെതെന്നറിയാന്‍ മൂത്രം കള്‍ച്ചര്‍ ചെയ്‌ത്‌ ഫലം വരണം. അതിനനുസരിച്ചുള്ള മരുന്നുകള്‍ പിന്നീട്‌ നിര്‍ദേശിക്കുന്നു. രോഗം കുറഞ്ഞതായി അനുഭവപ്പെട്ടാലും മൂത്രപരിശോധനയും ഡോക്‌ടര്‍ പറഞ്ഞ ദിവസം വീണ്ടും ആശുപത്രിയില്‍ വരികയും വേണം. രോഗം പൂര്‍ണമായി മാറി എന്ന്‌ ഡോക്‌ടര്‍ ഉറപ്പു വരുത്തിയാലേ ചികിത്സ നിര്‍ത്താവൂ.

പൈല്‍സ്‌ അഥവാ അര്‍ശസ്‌ വളരെ സാധാരണയായി കാണുന്ന രോഗമാണ്‌. സ്‌ത്രീകളില്‍ ഗര്‍ഭാവസ്ഥയിലാണ്‌ പൈല്‍സ്‌ രോഗം കൂടുതലായി കാണുന്നത്‌. പ്രസവം കഴിയുമ്പോള്‍ കുറയാറുണ്ട്‌. എങ്കിലും ചിലരില്‍ ഇതു പൂര്‍ണമായി മാറില്ല. കുടലില്‍ മലദ്വാരത്തിനുമുകള്‍ ഭാഗത്തുള്ള രക്തക്കുഴലുകള്‍ ഉരുണ്ടുകൂടി ഉണ്ടാകുന്നതാണു അര്‍ശസ്‌.
അര്‍ശസ്‌ പൊട്ടി ചിലപ്പോള്‍ രക്തസ്രാവം ഉണ്ടാകാറുണ്ട്‌. ചിലരില്‍ പഴുപ്പും ഉണ്ടാകാം. പൈല്‍സിന്‌ നിരവധി ചികിത്സകള്‍ നിലവിലുണ്ട്‌. ശസ്‌ത്രക്രിയകളും ഉണ്ട്‌. ഓപ്പറേഷനിലൂടെ രോഗം പൂര്‍ണമായും മാറുന്നു. ചിലരില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു വീണ്ടും ഇതുണ്ടാകാറുണ്ടെങ്കിലും ഗൗരവമാകാറില്ല. ശസ്‌ത്രക്രിയക്കു ശേഷം രണ്ടോ മൂന്നോ ആഴ്‌ച കഴിഞ്ഞു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. 

കാക്കണം: കണ്ണിന്റെ ആരോഗ്യം


കുഞ്ഞു പ്രായത്തില്‍ തന്നെ കണ്ണട വയ്‌ക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്‌. രണ്ടു മുതല്‍ നാലു ശതമാനം വരെ കുട്ടികളില്‍ കാഴ്‌ചത്തകരാറുകള്‍ കാണപ്പെടുന്നുണ്ടെന്നാണ്‌ കണക്ക്‌. ഹ്രസ്വ ദൃഷ്‌ടി, ദീര്‍ഘ ദൃഷ്‌ടി, അസ്സ്‌റ്റിഗ്‌ മാറ്റിസം തുടങ്ങിയവയാണ്‌ കുട്ടികളിലെ പ്രധാന കാഴ്‌ചത്തകരാറുകള്‍. വസ്‌തുക്കളുടെ പ്രതിബിംബം റെറ്റിനയില്‍ കൃത്യസ്ഥാനത്തു പതിക്കാതിരിക്കുന്നതാണ്‌ തകരാറുകളുടെ മുഖ്യ കാരണം. അതുകൊണ്ട്‌ റെറ്റിനയുടെ വളര്‍ച്ച ശരിപ്പെടുത്താന്‍ കണ്ണടകള്‍ ആവശ്യമായി വരുന്നു.


തായ്‌വാന്‍, സിംഗപൂര്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌ സദാനേരവും ടി.വി, കമ്പ്യൂട്ടര്‍ എന്നിവയ്‌ക്കു മുന്നില്‍ ചെലവിടുന്ന കുട്ടികളെ ഹ്രസ്വദൃഷ്‌ടി പിടിക്കൂടുന്നു എന്നാണ്‌. രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും ക്ലാസ്സില്‍ ഉയര്‍ന്ന ഗ്രേഡുള്ളവരിലും ഹ്രസ്വദൃഷ്‌ടി കൂടുതലാണത്രേ. കൂടാതെ കൂട്ടികളിലെ മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും കാഴ്‌ചക്കു സാരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. പ്ലെയിന്‍ ഗ്ലാസുകള്‍ വെയ്‌ക്കുന്ന കുട്ടികളും ഏറിവരികയാണ്‌. സിനിമാ ക്രിക്കറ്റ്‌ താരങ്ങളെ കണ്ട്‌ ഹരം പിടിച്ചാണ്‌ ഇത്തരം ഫാഷന്‍ കണ്ണടകള്‍ കൂടുന്നത്‌. കളിക്കുമ്പോഴും മറ്റും കണ്ണിന്റെ സംരക്ഷണത്തിനു വേണ്ടി പ്രൊട്ടക്‌റ്റീവ്‌ ഗ്ലാസുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല. സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ആന്റിഗെയര്‍ ഗ്ലാസുകള്‍ ധരിക്കാറുണ്ട്‌. സ്‌ക്രീനില്‍ നിന്നുള്ള രശ്‌മികള്‍ കണ്ണില്‍ പതിക്കാതിരിക്കാന്‍ ഇതു സഹായിക്കും.


കുട്ടികള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുതുടങ്ങും മുമ്പായി കണ്ണുഡോക്‌ടറുടെ അടുത്തുപോയി വിശദമായി തന്നെ കാഴ്‌ച ചെക്കു ചെയ്യണം. കൂടാതെ കുട്ടികളുടെ കമ്പ്യൂട്ടര്‍ ഡെസ്‌ക്‌ ഉയരമനുസരിച്ചു ക്രമീകരിച്ചു കൊടുക്കണം. കമ്പ്യൂട്ടറും കണ്ണും തമ്മിലുള്ള അകലം 18 ഇഞ്ചിനും 14 ഇഞ്ചിനും ഇടയിലാവുന്നതാണ്‌ നല്ലത്‌. സ്‌ക്രീനിലെയും മുറിയിലെയും വെളിച്ചം കണ്ണിനായാസമില്ലാത്തവിധത്തില്‍ ക്രമീകരിക്കണം. കണ്ണിന്‌ വിശ്രമത്തിന്റെ ഇടവേളകള്‍ ആവശ്യമാണ്‌.


ഹ്രസ്വദൃഷ്‌ടി, ദീര്‍ഘദൃഷ്‌ടി, അസ്റ്റിഗ്‌ മാറ്റിസം എന്നീ പ്രശ്‌നങ്ങള്‍ക്ക്‌ കണ്ണട വയ്‌ക്കുകയാണ്‌ പ്രതിവിധി. കൊച്ചു കുട്ടിയല്ലേ എന്തിനാണു കണ്ണട എന്നു കരുതരുത്‌. കാരണം, കാഴ്‌ചയിലെ തകരാറ്‌ കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കും. സ്ഥിരമായി കണ്ണട വെക്കാന്‍ ഡോക്‌ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. കാരണം, ഇടയ്‌ക്ക്‌ കുട്ടികള്‍ കണ്ണട അഴിച്ചു വെക്കാനിടയുണ്ട്‌. പ്ലാസ്റ്റിക്‌ ലെന്‍സുള്ള കണ്ണടയാണ്‌ കുട്ടികള്‍ക്ക്‌ കുറെക്കൂടി സുരക്ഷിതം.


കുഞ്ഞുങ്ങളുടെ കാഴ്‌ചശക്തി സാധാരണ രീതിയിലാണോ എന്ന്‌ മാതാപിതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്‌. കുഞ്ഞിന്റെ കണ്ണിന്റെ ആരോഗ്യ കാര്യത്തില്‍ ഗര്‍ഭാവസ്ഥ മുതലേ മാതാവ്‌ ശ്രദ്ധിക്കണം. പോഷകാഹാരക്കുറവ,്‌ ചില മരുന്നുകളുടെ ഉപയോഗം, വൈറസ്‌ ബാധ എന്നിവ കുട്ടികളുടെ കാഴ്‌ചശക്തിയെ ബാധിക്കാനിടയുണ്ട്‌. കുഞ്ഞിനു കോങ്കണ്ണുള്ളതായി സംശയം തോന്നിയാല്‍ ഉടന്‍ ഡോക്‌ടറെ കാണിക്കണം. കണ്ണുകള്‍ രണ്ടും ഒരു പോലെയല്ലാതിരിക്കുക കണ്ണില്‍ വെളുത്ത അടയാളം എന്നിവ തിമിരത്തിന്റെ ലക്ഷണങ്ങളാണ്‌. കണ്ണിന്റെ ആരോഗ്യത്തിനായി വൈറ്റമിന്‍ എ, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കുട്ടികള്‍ക്കു ധാരാളമായി നല്‍കണം. 

വേദനാസംഹാരികള്‍; അമിതമായാല്‍ അപകടം

വേദനാസംഹാരികള്‍ കരളിനെ ഗുരുതരമായ തകരാറിലേക്കു നയിക്കുന്നു. ന്യൂയോര്‍ക്കില്‍ നടന്ന പുതിയ പഠനം തെളിയിച്ചതാണിത്‌. വാഷിംഗ്‌ടണ്‍ യൂനിവേഴ്‌സിറ്റിയിലെ ഡോ. ആന്‍. എം. ലാര്‍സനും സഹപ്രവര്‍ത്തകരും ഹെപ്പറ്റോളജി മെഡിക്കല്‍ ജേര്‍ണലില്‍ ഈ പഠനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
1998-2003 കാലയളവില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട `ലിവര്‍ ഡാമേജ്‌' കേസുകളെ ആധാരമാക്കിയാണ്‌ പഠനം. ഈ കാലയളവില്‍ പാരസിറ്റമോള്‍ മൂലമുള്ള ലിവര്‍ ഡാമേജ്‌ കേസുകളുടെ വാര്‍ഷിക നിരക്ക്‌ 28 ശതമാനത്തില്‍ നിന്ന്‌ 51 ശതമാനമായി ഉയര്‍ന്നു. അസിറ്റാമിനോഫെന്‍ അഥവാ പാരസിറ്റമോള്‍ മിക്ക വേദനാ സംഹാരികളിലും അടങ്ങിയിട്ടുള്ളതാണ്‌. ഇത്‌ അമിതമാകുമ്പോള്‍ കരളിനെ ബാധിക്കുന്നു.

കടുത്ത അന്തരീക്ഷ മലിനീകരണം ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുന്നു. യൂറോപ്പിലെ വൈദ്യ ശാസ്‌ത്രജ്ഞര്‍ ഈ മുന്നറിയിപ്പ്‌ നല്‍കുന്നു. ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രമുഖ വൈദ്യശാസ്‌ത്ര ജേര്‍ണലിലാണ്‌ ബെല്‍ജിയംകാരനായ പ്രൊഫസര്‍ ഡോ. ജോസ്‌ വെര്‍മിലെന്‍ തന്റെ പഠനം പുറത്തു വിട്ടത്‌. കാര്‍ബണ്‍ ഡയോക്‌സൈഡ്‌ മൂലമുണ്ടാകുന്ന വായു മലിനീകരണം ഹൃദയത്തിനു ഹാനികരമാണ്‌. കടുത്ത പുക, ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന പുക എന്നിവയും ഹൃദയത്തിനു ദോഷകരമാണ്‌. അന്തരീക്ഷ മലിനീകരണം ഹൃദയാഘാത സാധ്യത കൂട്ടുന്നു എന്നാണ്‌ പുതിയ അറിവ്‌.

ദിവസവും കുടിക്കുന്ന കാപ്പിയും ചായയും അമിതമായാല്‍ പൊണ്ണത്തടിക്ക്‌ കാരണമാകുന്നു. ഇത്‌ വയറ്റിനുള്ളില്‍ അമ്ലതക്ക്‌ കാരണമാകുന്നു. ഒരു കപ്പ്‌ ചായ തന്നെ ഏദേശം 60 കലോറി ഊര്‍ജം തരും. അമിത കലോറി വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. ദീര്‍ഘ ദൂര യാത്രകള്‍ സ്ഥിരമായി ചെയ്യുന്നവരില്‍ സാധാരണയായി കാണുന്നതാണ്‌ വയറ്റിളക്കം. പല തരത്തിലുള്ള ഭക്ഷണവും എണ്ണകളുമാണ്‌ ഇതിനു കാരണക്കാര്‍. നാരുകളില്ലാത്ത ഭക്ഷണം ധാരാളം കഴിക്കേണ്ടി വരുന്നത്‌ പിത്താശയത്തില്‍ കല്ലുകള്‍ ഉണ്ടാവാന്‍ ഇടവരുത്തും.

സ്‌തനങ്ങള്‍ക്കും വേണം പോഷകാഹാരം

സ്‌തനങ്ങള്‍ക്കു വേണ്ട പോഷകാഹാരം എന്തൊക്കെയാണെന്നു നോക്കാം. പ്രോട്ടീന്‍ സമൃദ്ധമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മസിലുകള്‍ക്കു പുഷ്‌ടിയും ബലവുമുണ്ടാകാന്‍ പ്രോട്ടീന്‍ ആവശ്യമാണ്‌. സ്‌തനങ്ങളിലെ കലകളെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന പ്രോട്ടീന്‍ ആയ കൊളാജന്‍ ഉല്‍പാദിപ്പിക്കാനും പ്രോട്ടീന്‍ സഹായകരമാണ്‌. പരിപ്പുകള്‍, ബദാം, ചെറുപയര്‍, മുട്ട, പാല്‍, മത്സ്യം, നീലക്കടല ഇവയെല്ലാം പ്രോട്ടീന്‍ സമൃദ്ധമാണ്‌. കടുപ്പമേറിയ ചായ, കാപ്പി, ചോക്കലേറ്റ്‌ കോള, ഇവ കഴിക്കരുത്‌. ഫൈബര്‍ അടങ്ങിയ ഓട്‌സ്‌, ബീന്‍സ്‌, തവിടോടു കൂടി ധാന്യങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുക. മൃഗക്കൊഴുപ്പടങ്ങിയ ഭക്ഷണം കൂടുതലാക്കുക.

സ്‌തനങ്ങളുടെ പുഷ്‌ടിക്ക്‌ ഏറ്റവും പ്രയോജനകരം ഓയില്‍ മസാജ്‌ ആണ്‌. കൊഴുപ്പടങ്ങിയ എണ്ണ ഉപയോഗിച്ചാണ്‌ മസാജ്‌. സ്‌തനങ്ങളിലെ രക്തചംക്രമണം കൂട്ടാനും ചര്‍മത്തിന്റെ മൃദുത്വം കാത്തു സൂക്ഷിക്കാനും മസാജിനു കഴിയും.
ആര്‍ത്തവത്തോടനുബന്ധിച്ചു പല സ്‌ത്രീകള്‍ക്കും സ്‌തനങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ട്‌. ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായാണ്‌ ഇത്‌. ശരീരത്തിലെ ഈസ്‌ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും നില വളരെ താഴുന്നതാണു കാരണം. വേദന കൂടുകയാണെങ്കില്‍ ഡോക്‌ടറുടെ സഹായം തേടാം.
വ്യായാമം വഴി നേരിട്ടു സ്‌തന വലിപ്പം കൂട്ടാന്‍ കഴിയില്ല. കാരണം സ്‌തനങ്ങളില്‍ മസിലുകളില്ല. അതുപോലെ സ്‌തനങ്ങളുടെ വലിപ്പം കുറക്കാനും പ്രയാസകരമാണ്‌. എന്നാല്‍ വ്യായാമം മറ്റു പല കാര്യങ്ങളെയും സഹായിക്കുന്നു. സ്‌തന കലകളെ പുഷ്‌ടിപ്പെടുത്താനും മുറുക്കാനും വ്യായാമം സഹായിക്കുന്നു. അങ്ങിനെ സ്‌തനങ്ങള്‍ക്കു കൂടുതല്‍ രൂപ ഭംഗിയും വലിപ്പവും ഉള്ളതായി കാഴ്‌ചയില്‍ തോന്നും.

സ്‌തനങ്ങളുടെ രൂപ ഭംഗി നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനമാണ്‌ ശരിയായ പാകത്തിലുള്ള ബ്രേസിയര്‍ ഉപയോഗം. സ്‌തനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്ന ഒന്നാണ്‌ തെറ്റായ വിധത്തിലുള്ള ബ്രേസിയര്‍. കൂടുതല്‍ ഇറക്കമുള്ള ബ്രേസിയര്‍ രക്തചംക്രമണത്തെ തടയുകയുകയും സന്ധികളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്തു സ്‌തനം വികസിക്കുന്നു. അപ്പോള്‍ പലരും അതു ശ്രദ്ധിക്കാതെ പഴയ സൈസിലുള്ള ബ്രാ തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കും. ഇത്‌ സ്‌തനങ്ങള്‍ ഉരഞ്ഞു പൊട്ടലുണ്ടാക്കാന്‍ ഇടവരുത്തുന്നു. വിയര്‍പ്പു കെട്ടി രോഗങ്ങളും പിടിപെടുന്നു. അയഞ്ഞ ബ്രേസിയര്‍ ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. സ്‌തനങ്ങള്‍ തൂങ്ങി പോകാന്‍ ഇതു കാരണമായേക്കാം.

ഓരോരുത്തര്‍ക്കും ശരീര ഘടനക്കനുസരിച്ച നിരവധി ബ്രേസിയര്‍ ഇന്നു ലഭിക്കും. സ്‌തനങ്ങളുടെ സംരക്ഷണത്തിന്‌ ഇവ അത്യന്താപേക്ഷിതമാണ്‌. കണ്ണാടിക്ക്‌ അഭിമുഖമായി നിന്നുകൊണ്ട്‌ ടേപ്പ്‌ ഉപയോഗിച്ച്‌ സ്‌തനങ്ങള്‍ക്കു തൊട്ടുതാഴെയായി നെഞ്ചില്‍ അളവെടുക്കുക. മെഷറിംഗ്‌ ടേപ്പ്‌ കൂടുതലായി അയഞ്ഞോ ഇറുക്കിയോ പിടിക്കരുത്‌. ഈ അളവിനൊപ്പം അഞ്ച്‌ കൂട്ടുക. ഉദാഹരണത്തിന്‌ അളന്നപ്പോള്‍ 29 ആണു കിട്ടിയതെങ്കില്‍ ബാന്‍ഡ്‌ സൈസ്‌ 34 ആണ്‌. കൂട്ടുമ്പോള്‍ ഒറ്റ സംഖ്യയാണു ലഭിക്കുന്നതെങ്കില്‍ തൊട്ടടുത്ത ഇരട്ട സംഖ്യയാണ്‌ അളവ്‌. ഇനി കപ്‌സൈസ്‌ മനസ്സിലാക്കാം കണ്ണാടിയില്‍ നോക്കി നിവര്‍ന്നു നില്‍ക്കുക. ടേപ്‌ കൊണ്ട്‌ സ്‌തനത്തിനു മുകളില്‍ കൂടി അളവെടുക്കുക. ഇപ്പോള്‍ കിട്ടിയ അളവില്‍ നിന്നു ബാന്‍ഡ്‌ സൈസ്‌ കുറയ്‌ക്കുക. ഉദാഹരണത്തിനു ബാഡ്‌ സൈസ്‌ 30 എന്നും സ്‌തനങ്ങള്‍ക്കു മുകളിലൂടെ അളക്കുമ്പോള്‍ 34 എന്നു കിട്ടും. നിങ്ങളുടെ കപ്‌സൈസ്‌ 4 ആയിരിക്കും.

പഠിച്ചതോര്‍മിക്കാന്‍


പഠിച്ചതോര്‍മിക്കാന്‍, നന്നായി ഉറങ്ങണം.

ശരീരത്തിന്റെ യന്ത്രസംവിധാനത്തിനു വിശ്രമം ലഭിക്കാന്‍ പ്രകൃതി നിശ്ചയിച്ച ഉപാധിയാണ്‌ ഉറക്കം. ഉറക്കത്തില്‍ പേശികള്‍ക്ക്‌ അയവു ലഭിക്കുകയും ശരീരത്തിന്റെ താപനിലയും രക്തസമ്മര്‍ദത്തിന്റെ തോതും താഴ്‌ന്നുവരികയും ചെയ്യുന്നു. ഉറക്കം കുറഞ്ഞാല്‍ മ്ലാനതയും ക്ലേശവും അനുഭവപ്പെടുന്നു. ശരിയായ പഠന പുരോഗതിക്ക്‌ വേണ്ടത്ര ഉറക്കം ലഭ്യമാക്കണം.
ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെയാണ്‌ സാധാരണ രീതിയില്‍ ഉറങ്ങേണ്ട സമയം. കുട്ടികള്‍ക്ക്‌ കുറച്ചു കൂടുതല്‍ സമയം വേണ്ടിവരും. എത്ര മണിക്കൂര്‍ ഉറങ്ങിയെന്നതിനാണു പ്രാധാന്യം. കൂടുതല്‍ സമയം ഉറങ്ങുന്നതും നല്ലതല്ല. പ്രായമേറുമ്പോള്‍ ഉറക്കം കുറയുന്നതു സാധാരണമാണ്‌. ഉച്ചക്ക്‌ മയങ്ങുന്നതും നല്ലതാണ്‌ എന്നാണ്‌ വിദഗ്‌ധ മതം. അര്‍ധരാത്രി മുതല്‍ വെളിപ്പിന്‌ ഏഴു മണി വരെയാണ്‌ ഉറങ്ങുന്നതിന്‌ ഏറ്റവും നല്ല സമയമായി കരുതിയിരിക്കുന്നത്‌. ഉച്ചക്ക്‌ ഒന്നു മയങ്ങിയാല്‍ ഉന്മേഷം കിട്ടുമെന്നതില്‍ സംശയിക്കേണ്ട.

ഉറക്കത്തിന്റെ രീതികള്‍ വ്യത്യസ്‌തമാണെങ്കിലും പൊതുവെ ഉറക്കത്തെ രണ്ടായി തിരിക്കാം. കണ്‍പോളക്കുള്ളില്‍ ചലനമില്ലാത്ത ഉറക്കമാണ്‌ ഒന്ന്‌. 'നോണ്‍ റെം ഉറക്കം' എന്നാണിതിനെ പറയുന്നത്‌. ഈ ഉറക്കത്തിനു പല ഘട്ടങ്ങളുണ്ട്‌. ഈ ഘട്ടം കഴിഞ്ഞാല്‍ പോളക്കുള്ളില്‍ കണ്ണുകള്‍ തുള്ളുന്ന ഉറക്കം തുടങ്ങുകയായി. മനസ്സ്‌ ഉന്മേഷം വീണ്ടെടുക്കുന്ന ഘട്ടമാണിത്‌. ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെല്ലാം ഈ സമയത്തു മെച്ചപ്പെടും.

കുട്ടികളുടെ വളരാനുള്ള ഹോര്‍മോണ്‍ പ്രവര്‍ത്തനം, രോഗപ്രതിരോധ ശക്തി, ഓര്‍മ ഇവയെല്ലാം ഉദ്ദീപിപ്പിക്കുന്നതില്‍ ഉറക്കത്തിനു വലിയ പങ്കുണ്ട്‌. കഫക്കെട്ട്‌, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉറക്കക്കുറവുള്ള കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു. മാത്രമല്ല ശ്രദ്ധക്കുറവ്‌, അസ്വസ്ഥത പ്രകടിപ്പിക്കല്‍ എന്നിവ ഉറക്കക്കുറവുള്ള കുട്ടികളില്‍ കൂടുതലാണ്‌. ഉറക്കവും ഓര്‍മ്മശക്തിയുമായി ബന്ധമുണ്ടെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. രാത്രിയില്‍ കണ്ട സ്വപ്‌നങ്ങള്‍ നാം ഓര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. ഉറക്കത്തിന്റെ ഒരു ഘട്ടത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാകുന്നു.

ടി വിയിലെ പരിപാടികള്‍ കണ്ട്‌ ഉറക്കം നഷ്‌ടപ്പെടുത്തുന്ന കുട്ടികളാണിന്നധികവും. മാതാപിതാക്കളാണ്‌ ഈ ശീലം അവരില്‍ വളര്‍ത്തുന്നത്‌. കുട്ടിക്ക്‌ നല്ല ഉറക്കം കിട്ടാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കണം. കിടക്കയോ മറ്റോ സുഖപ്രദമായിരിക്കണം. ചീത്ത പറഞ്ഞ്‌ ഉറങ്ങാന്‍ വിടുന്നതിനു പകരം അല്‍പനേരം സന്തോഷത്തോടെ സംസാരിച്ച്‌ കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കാവുന്നതാണ്‌. നല്ല കഥകള്‍ പറഞ്ഞുകൊടുക്കാം. അല്ലെങ്കില്‍ പാട്ടുപാടിയുറക്കാം.

കവരാം : കഥകള്‍ പറഞ്ഞ്‌ കുഞ്ഞുമനസ്സുകള്‍


“പണ്ടു പണ്ടൊരു കൊട്ടാരത്തില്‍......”
അമ്മ കഥ പറഞ്ഞു തുടങ്ങിയതേയുള്ളൂ അപ്പോഴേക്കും ചിന്നുമോള്‍ക്ക്‌ സംശയം.
“അമ്മേ കൊട്ടാരം എന്നു പറഞ്ഞാലെന്താ?”

ശിശുക്കളുടെ മാനസ ലോകത്തേയ്‌ക്ക്‌ കടന്നുചെല്ലാന്‍ പറ്റുന്ന ഏറ്റവും മനോഹരമായ ഒരു വഴിയാണ്‌ കഥകള്‍. കഥകളിലൂടെ കുഞ്ഞുങ്ങള്‍ ഏറെ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്‌. സാമൂഹിക മൂല്യങ്ങളും നിയമങ്ങളും പകര്‍ന്നു നല്‍കാന്‍ കഥകളിലൂടെ സാധിക്കും. ചെറുപ്പത്തില്‍ കഥകള്‍ കേട്ടു വളര്‍ന്ന കുട്ടികളുടെ ഭാവനാലോകം സമ്പന്നമായിരിക്കും.
കഥയിലെ കഥാപാത്രങ്ങളുമായി വളരെ പെട്ടെന്ന്‌ താദാത്മ്യം പ്രാപിക്കുന്ന സ്വഭാവക്കാരാണ്‌ കുട്ടികള്‍. ഓമനിച്ചു വളര്‍ത്തിയ പൂച്ചക്കുഞ്ഞിനെ കാണാതായതിന്റെ ദുഃഖത്തില്‍ കരയുന്ന മിട്ടുവിന്റെ കഥകേള്‍ക്കുമ്പോള്‍ മിട്ടുവിന്റെ അതേ സങ്കടം കുട്ടികള്‍ക്കും അനുഭവപ്പെടും. കഷ്‌ടപ്പെട്ടു പഠിച്ച്‌ വലിയ ജോലി നേടിയ ഒരാളുടെ കഥ നല്ല ജോലി സമ്പാദിക്കാന്‍ കുട്ടികള്‍ക്കു പ്രേരണ നല്‍കും. വീട്ടുകാരുടെ സമ്മതമില്ലാതെ മറ്റൊരാളെ വിവാഹം കഴിച്ച സംഭവം കേള്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യരുത്‌ എന്ന ചിന്ത കുട്ടിയില്‍ ഉണ്ടാക്കുന്നു.

കുട്ടിയോട്‌ കഥപറയുമ്പോള്‍ പുതിയ കുറെ വാക്കുകള്‍ ചേര്‍ത്ത്‌ പറയാന്‍ ശ്രദ്ധിക്കണം. കാരണം ഇതവര്‍ക്ക്‌ കൂടുതല്‍ വാക്കുകളെ പരിചയപ്പെടാന്‍ അവസരമൊരുക്കും. ചിത്രങ്ങള്‍ കാണിച്ചുകൊടുത്തോ വരച്ചുകാണിച്ചു കൊണ്ടോ പറയുന്ന കഥകള്‍ കുട്ടിയുടെ ക്രിയാത്മക കഴിവുകളെ വികസിപ്പിക്കാന്‍ വേഗത കൂട്ടും. ഭാവവ്യത്യാസങ്ങളോടെ കഥപറയാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കഥകള്‍ പറയാന്‍ വീട്ടില്‍ കുട്ടികള്‍ക്ക്‌ അവസരം നല്‍കണം. കുട്ടി കഥ പറയുമ്പോള്‍ മനസ്സില്‍ അടക്കി വെച്ചിരിക്കുന്ന വികാരങ്ങള്‍ പുറത്തു ചാടുകയും അതുവഴി അവരുടെ മനസ്സ്‌ കൂടുതല്‍ ഉന്മേഷം കൈവരിക്കുകയും ചെയ്യുന്നു. ശീലങ്ങളെ വളര്‍ത്തിയെടുക്കാനും കുട്ടികള്‍ ചെയ്‌ത തെറ്റുകളെ ബോധ്യപ്പെടുത്താനും കഥകള്‍ ഉപയോഗിക്കാം. കഥയ്‌ക്കിടെ കുട്ടികള്‍ ചോദിക്കുന്ന സംശയങ്ങള്‍ക്കു ക്ഷമയോടെ സത്യസന്ധമായി മറുപടി നല്‍കണം.

കുട്ടികളുടെ പ്രായത്തിനും വികസനത്തിനും അനുസരിച്ച കഥകളായിരിക്കണം പറയേണ്ടത്‌. ലളിതമായ കഥാപുസ്‌തകങ്ങള്‍ കുട്ടികള്‍ക്ക്‌ വാങ്ങിക്കൊടുക്കണം. ഇത്‌ പുസ്‌തകങ്ങളെ സ്‌നേഹിക്കാനും വായനാശീലം ഉള്ളവരാക്കാനും സഹായിക്കും. നീതി, സത്യം, ദാനധര്‍മ്മം തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തുന്ന രീതിയിലായിരിക്കണം ഓരോകഥകളും പറഞ്ഞു കൊടുക്കേണ്ടത്‌. അതുപോലെ മോഷണം, കളവ്‌ പറയല്‍, കൊലപാതകം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ തടഞ്ഞുനിര്‍ത്താനും കഥകളെ ഉപയോഗപ്പെടുത്താം.